...

20 March 2023

ചൈനയുടെ ആഗോള സുരക്ഷ സംരംഭം: ലോകത്തിന്റെ ആവശ്യങ്ങളേക്കാൾ, ചൈനയുടെ സ്വന്തം ആഗ്രഹങ്ങൾഈ കഴിഞ്ഞ ഫെബ്രവരി 21-നു, ചൈനയുടെ വിദേശ കാര്യ മന്ത്രാലയം, തങ്ങളുടെ പുതിയ ആശയമായ ‘ആഗോള സുരക്ഷാ സംരംഭത്തെ’ (Global Security Initiative) കുറിച്ച് ഒരു രൂപരേഖ പുറത്തിറക്കി. തത്വത്തിൽ ഈ ആശയം, അവരുടെ സ്വതസിദ്ധ  വികസന തന്ത്രമായ ‘ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തിന്റെയും’ (Belt and Road Initiative), പുതിയൊരാശയമായ ‘ലോക വികസന സംരംഭത്തിന്റെയും’ (Global Development Initiative) കൂടികലർച്ചയാണ്. (China releases global security initiative)

ഒരു വശത്തു ചൈനയുടെ വിദേശകാര്യ നയങ്ങളും, മറു വശത്തു ആഭ്യന്തര ബലതന്ത്രങ്ങളും, രാജ്യ സുരക്ഷാ സംബന്ധമായ താൽപ്പര്യങ്ങളും തമ്മിലുള്ള അഗാധമായ ബന്ധത്തെയാണ് ഈ പുതിയ രൂപരേഖ പ്രതിഫലിക്കുന്നത്.

അതിൽ ആദ്യത്തേത്, എങ്ങനെ വാചാലത ഉപയോഗിച്ച് ശ്രദ്ധതിരിക്കാമെന്നും, വഴിതെറ്റിക്കാമെന്നതുമാണ്. ഉദാഹരണത്തിന്, രൂപരേഖയിൽ ഊന്നി പറയുന്ന, രാഷ്ട്രീയ സംവാദത്തിലൂടെയും, സമാധാനപരമായ കൂടിയാലോചനയിലൂടെയും സുരക്ഷ കൊണ്ടുവരുമെന്ന വാദങ്ങൾ (“bringing about security through political dialogue and peaceful negotiation”), ഒന്നുകിൽ കൃത്രിമവും, അല്ലെങ്കിൽ സമയം നഷ്ടമാക്കാനും, പുതിയ യാഥാര്‍ത്ഥ്യങ്ങളെ നിലയുറപ്പിക്കാനുമാണ്. തെക്കൻ ചൈന കടൽ തർക്കത്തിൽ ഒരു പെരുമാറ്റചട്ടത്തിനായി തെക്കു-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ, ആസിയാനുമായി (ASEAN)  കാലങ്ങളായി ചൈന നടത്തി പോരുന്ന കൂടിയാലോചനകളായാലും, അതല്ലെങ്കിൽ പല റൗണ്ട് ചർച്ചകൾക്കുശേഷവും മൂന്നു വർഷമായി, കിഴക്കൻ ലഡാക്കിൽ കൈവശപ്പെടുത്തിയ മേഖലകളിൽ നിന്നും പിന്മാറാനുള്ള വിമുഖതയാവട്ടെ, ശ്രദ്ധതിരിക്കാനും, വഴിതെറ്റിക്കാനുമുള്ള ചൈനയുടെ പ്രവണത വളരെ പ്രകടമാണ്. കൂടാതെ ജി.എസ്.ഐ രൂപരേഖ പസിഫിക് ദ്വീപുകളായ രാജ്യങ്ങൾ അഭിമുഖീകരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെ പറ്റിയുള്ള ന്യായമായ ഉത്കണ്ഠകളെ കുറിച്ചും വ്യാകുലപ്പെടുന്നുണ്ട്. എന്നാൽ ഈ രാജ്യങ്ങളുടെ പ്രത്യേക സാമുദ്രിക സാമ്പത്തിക മേഖലകളിൽ (Exclusive Economic Zone) നിയമവിരുദ്ധമായി, മത്സ്യബന്ധനത്തിലേർപ്പെടുന്ന പ്രധാന രാജ്യങ്ങളിലൊന്ന് ചൈന തന്നെയാണ്. ഇതിലൂടെ ഹനിക്കപ്പെടുന്നത് ഈ രാജ്യങ്ങളുടെ സാമ്പത്തിക ഉപജീവനമാർഗ്ഗങ്ങൾ കൂടിയാണ്.

അത് കൊണ്ട്, ‘പൊതുവായ, സമഗ്രമായ, സഹകരണാടിസ്ഥാനത്തിലുള്ള, സ്ഥായിയായ സുരക്ഷ’ (“common, comprehensive, cooperative and sustainable security”) അഥവാ ‘എല്ലാ രാജ്യങ്ങളുടെ പരമാധികാരത്തെയും, പ്രാദേശിക അവിഭാജ്യതയെയും ബഹുമാനിക്കുമെന്നതും’ (“respecting the sovereignty and territorial integrity of all countries”) വെറും വാചക കസ്രത്താണ്. കാരണം, മറ്റു രാജ്യങ്ങളുടെ സുരക്ഷയെ ബഹുമാനിക്കുന്നതിനും, സംരക്ഷിക്കുന്നതിനും പകരം തങ്ങളുടെ സ്വന്തം സുരക്ഷ താല്പര്യങ്ങൾക്കാണ്, വാസ്തവത്തിൽ ചൈന മുൻഗണന കൊടുക്കുന്നത്. 

അതുപോലെ, ‘വലുതോ ചെറുതൊ, ശക്തരൊ ദുര്‍ബ്ബലരൊ, സമ്പന്നരോ ദരിദ്രരൊ എന്നതിനേക്കാളുപരി അന്താരാഷ്‌ട്ര സമുഹത്തിൽ എല്ലാ രാജ്യങ്ങളും തുല്യരാണെന്ന’ (“all countries, big or small, strong or weak, rich or poor, are equal members of the international community”) ചൈനയുടെ പ്രഖ്യാപിത വിശ്വാസത്തെ 2010-ൽ ഒരു ആസിയാൻ (ASEAN) യോഗത്തിൽ, അവരുടെ അന്നത്തെ വിദേശകാര്യ മന്ത്രി, യാങ് ജിയെചി (Yang Jiechi) തന്നെ, വ്യക്തമായി ആക്ഷേപിക്കുകയുണ്ടായി. അന്ന് അദ്ദേഹം പറഞ്ഞത്, ‘ചൈന ഒരു വലിയ രാജ്യവും, മറ്റു രാജ്യങ്ങൾ ചെറുതുമാണെന്നത്, ഒരു വസ്തുതയാണ്’. 2010-ൽ ഉള്ളതിനേക്കാളും ചൈനയിന്നു ശക്തിയാർജ്ജിചിരിക്കുമ്പോൾ, ഈ മനോഭാവത്തിൽ മാറ്റമുണ്ടാകാനുള്ള സാധ്യത ഒട്ടും തന്നെയില്ല. 

‘ആഗോള വെല്ലുവിളികളായ തീവ്രവാദം, കാലാവസ്ഥ വ്യതിയാനം, സൈബർ സുരക്ഷ’ (“global challenges such as terrorism, climate change, cybersecurity”) എന്നിവയെ കുറിച്ചുള്ള പരാമർശങ്ങളെയും, ഇവ ഓരോന്നിലും ചൈനയുടെ തന്നെ പ്രവൃത്തിയുമായി താരതമ്യം ചെയ്യേണ്ടതാണ്.

ശ്രദ്ധേയമായ രണ്ടാമത്തെ കാര്യം, ജി.എസ്.ഐ രൂപരേഖയുടെ ഭാഷയ്ക്കു ചൈനീസ് കമ്യുണിസ്റ് പാർട്ടിയുടെ ആഭ്യന്തര രാഷ്ട്രീയ ശബ്ദകോശവുമായുള്ള സദൃശതയാണ്.  ‘ഇന്ന്…അന്താരാഷ്ട്ര സമൂഹം മുൻപൊന്നും കാണാത്ത അനേകം അപായസാധ്യതകളും, വെല്ലുവിളികളും നേരിടുന്നു..’ (“Today… the international community is confronted with multiple risks and challenges rarely seen before”) എന്ന തുടക്കത്തിലുള്ള പ്രഖ്യാപനമാകട്ടെ, അതല്ലെങ്കിൽ ‘മനുഷ്യരാശിക്കായി പരസ്പര പങ്കുവെപ്പുകളോടുകൂടിയ ഒരു സമൂഹത്തെ വാർത്തെടുക്കാനുള്ള’ (“build a community with a shared future for mankind”) ആഹ്വാനമാകട്ടെ, ഇതെല്ലാം കുറച്ചു കാലങ്ങളായി പാർട്ടി ജനറൽ സെക്രട്ടറി ഷീ ചിൻപിങ് തന്നെ പറഞ്ഞു പോരുന്നവാക്കുകളാണ്; മാത്രമല്ല, കഴിഞ്ഞ വർഷം ഒക്ടോബർ മാസത്തിൽ നടന്ന ഇരുപതാം പാർട്ടി കോൺഗ്രസ്സിൽ തന്റെ രാഷ്ട്രീയ റിപ്പോർട്ടിലും ഇവ പ്രാമുഖ്യത്തോടെ പ്രതിഫലിച്ചിരുന്നു. ആഗോള വിഷയങ്ങളിൽ മറ്റു രാജ്യങ്ങളെ ചൈനീസ് വാചകരീതിയോടും, ചിന്താഗതിയോടും രഞ്‌ജിപ്പിക്കുക എന്നതാണ് ഇതിന്റെ ഇതിവൃത്തം.

സ്വാഭിവികമായും, ഉയരുന്ന ചോദ്യം – ‘സുരക്ഷ മേഖലയിൽ പ്രാദേശിക അരക്ഷിതാവസ്ഥയുള്ള സ്ഥലങ്ങൾ തുടർച്ചയായി പരക്കുന്നതിനും’ (“regional security hotspots keep flaring up”), ‘ഏകപക്ഷീയതയുടെയും, സംരക്ഷണവാദത്തിന്റെയും സാരമായ ഉയർച്ചക്ക്’ (“unilateralism and protectionism have risen significantly”) ആരാണുത്തരവാദി? ഇതാണ് ഈ രൂപരേഖയുടെ മൂന്നാമത്തേതും, ഏറ്റവും പ്രധാനവുമായ ഭാഗം – വെറും സങ്കുചിത പ്രത്യയശാസ്ത്ര സ്പർദ്ധയിലൂടെ മാത്രം ബാഹ്യ പരിസ്ഥിയെ വീക്ഷിക്കുന്നത്. മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ‘ബാഹ്യ ഇടപെടലുകൾക്ക് സ്ഥാനമില്ലെന്നും…, ഏതു തരത്തിലുള്ള സാമൂഹിക വ്യവസ്ഥകളും, വികസന പാതകളും സ്വീകരിക്കാൻ അവർക്കു സ്വതന്ത്രമായ അവകാശമുണ്ടെന്നും’ (“brook no external interference..and their right to independently choose social systems and development paths must be upheld”) ചൈന പറയുമ്പോൾ, അവിടെ അടിവരയിടപ്പെടുന്നത് ജനാതിപത്യ വ്യവസ്ഥയോളം തന്നെ സ്വേച്ഛാധിപത്യത്തിനും, സര്‍വ്വാധിപത്യത്തിനും നിലനിൽക്കാനുള്ള തുല്യാവകാശമുണ്ടെന്ന വസ്തുതകൂടിയാണ്. ‘വികസ്വര രാജ്യങ്ങളുടെ സുരക്ഷാവശ്യങ്ങൾക്കനുസരിച്ചു നിയമ നിർവ്വഹണ ഉദ്യോഗസ്ഥരെ പര്യാപ്ത്തരാക്കാനുള്ള പരിശീലത്തിനായി ഒരു ആഗോള പരിശീലന വ്യവസ്ഥ സ്ഥാപിക്കാനുള്ള’ (“the establishment of a global training system to train for developing countries more law enforcement officers who are responsive to their countries”) ആഹ്വാനം വിരൽ ചൂണ്ടുന്നത് രണ്ടു കാര്യങ്ങളെയാണ് – ഒന്ന്, തങ്ങളുമായി സാദൃശ്യമുള്ള ഏകാധിപത്യ ഭരണകൂടങ്ങൾക്കു ചൈനയുടെ അനുഭവങ്ങളിൽ നിന്നും എങ്ങനെ ആഭ്യന്തര എതിർപ്പുകളെ നേരിടാമെന്നുള്ള പരിജ്ഞാനം നൽകുക. രണ്ടു, തങ്ങളുടെ സുരക്ഷ പരിശീലന മുറകൾക്കും, ആശയങ്ങൾക്കും, ജാഗ്രത മേല്‍നോട്ട സാങ്കേതിക വിദ്യക്കു ഒരു നല്ല വിപണി തയ്യാറാക്കുക.

ഈ പശ്ചാത്തലത്തിലാണ്, അമേരിക്കയെ – പ്രത്യക്ഷത്തിൽ, ജനാതിപത്യ, ലിബറൽ വ്യവസ്ഥയുടെ തലവൻ – ആഗോള അസ്ഥിരതക്കു കാരണമായ പ്രതിനായകനായി ചിത്രീകരിക്കേണ്ടതിന്റെ അനിവാര്യത ഉയരുന്നത്. ചൈനയുടെ ഈ വാദം സമർത്ഥിക്കാൻ പല ഉദാഹരണങ്ങൾ അമേരിക്കയുടെ ഭാഗത്തു നിന്ന് ഉണ്ട് താനും. ജി.എസ്.ഐ ഉദ്ദേശിക്കുന്നത് – ‘അന്താരാഷ്ട്ര സംഘർഷങ്ങൾക്കിടവരുത്തുന്ന മൂല കാരണങ്ങളുടെ ഒഴിവാക്കൽ, ആഗോള സുരക്ഷാ പരിപാലനത്തെ മെച്ചപ്പെടുത്തൽ, തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്ന കലുഷിത കാലത്തിൽ സ്ഥിരതയും, ദൃഢതയും ഉറപ്പാക്കാനുള്ള എല്ലാ സംയുക്ത അന്താരാഷ്ട്ര ശ്രമങ്ങൾക്കുമുള്ള പ്രോത്സാഹനം, മറ്റും ലോകത്തിന്റെ ശാശ്വത സമാധാനത്തിനും, വികസനത്തിനും എല്ലാ തരം പ്രചാരണവും’ (“aims to eliminate the root causes of international conflicts, improve global security governance, encourage joint international efforts to bring more stability and certainty to a volatile and changing era, and promote durable peace and development in the world”). ഒറ്റയടിക്ക്, ലോകത്തെ ബാധിക്കുന്ന അസംഖ്യം പ്രശ്നങ്ങളും, ഇവയ്ക്കു പരിഹാരം കാണാൻ സാധിക്കാത്ത പാശ്ചാത്യലോകത്തിന്റേ പോരായ്മകളെയും എടുത്തു കാണിക്കുമ്പോൾ തന്നെ, ആ വിടവ് നികത്താനാകുന്ന ഏക ശക്തി തങ്ങളാണെന്ന അഹംഭാവം കൂടിയാണ് ചൈന പ്രദർശിപ്പിക്കുന്നത്. സാമ്പത്തിക-സൈനിക പ്രാപ്തിയിൽ അമേരിക്കയുടെ പിന്നിൽ മാത്രം നിലകൊള്ളുന്ന കാലത്തോളം ചൈനയുടെ അങ്കത്തിന്റെ ഒരു പ്രധാന തലം ആശയങ്ങളും, ആഖ്യാനവുമായിരിക്കും . 

നാലാമത്, ആഖ്യാന രൂപപ്പെടുത്തലിനപ്പുറം, ജി.എസ്.ഐ നിർദ്ദേശിക്കുന്നതു, ബഹുമുഖവാദത്തിലൂടെ, മറ്റുള്ളവരുടെ ചെലവിൽ തങ്ങളുടെ താൽപ്പര്യങ്ങൾ മാത്രം എങ്ങനെ സാധിച്ചെടുക്കുക എന്നതാണ്. ഇതിന്റെ ഒരു നല്ല ഉദാഹരണം, കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമായി സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ (World Health Organization) യഥാര്‍ത്ഥമായ ഏതൊരു അന്വേഷണത്തിനും തുരങ്കം വെക്കുന്ന നടപടികളാണ് ചൈനയുടെ കൈക്കൊണ്ടിട്ടുള്ളത്. കൂടാതെ, ഐക്യരാഷ്ട്ര സഭയിൽ, ഉക്രൈനിൽ റഷ്യയുടെ കടന്നുകയറ്റത്തെ കുറിച്ചുള്ള അര്‍ത്ഥപൂര്‍ണ്ണമായ വിമർശനങ്ങൾക്ക് തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. 

‘ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തനങ്ങൾക്ക്’ (“UN efforts”) പിന്‍തുണ വാഗ്‌ദാനം ചെയ്യുന്നതിലൂടെ, ചൈന ആഗ്രഹിക്കുന്നത് രക്ഷാസമിതിയിലെ തങ്ങളുടെ സ്ഥായിയായ അംഗത്വം ഉപയോഗിച്ച്, തങ്ങൾക്കു പരിമിത സ്വാധീനമുള്ള പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനാണ്. മറ്റും, ‘തീവ്രവാദത്തിനെതിരായിട്ടുള്ള ആഗോള പോരാട്ടത്തിൽ ഐക്യരാഷ്ട്ര സഭ ഒരു കേന്ദ്രീകൃത ഏകോപകനായി’  (“the UN’s role as the central coordinator in the global fight against terrorism”) പ്രവർത്തിക്കാനുള്ള ആഹ്വാനത്തിലും പ്രതിഫലിക്കുന്നത്, ഗതി നിയന്ത്രിക്കാൻ ഉദ്ദേശിക്കുന്ന ചില വിഷയങ്ങളിൽ കമ്മ്യുണിസ്റ് പാർട്ടി-സ്റ്റേറ്റിന്റെ താൽപ്പര്യത്തെയാണ്. അത് പോലെ, അണ്വായുധങ്ങള്‍ കൈവശം വയ്ക്കുന്നതു തടയുന്ന കരാറിനെ (Nuclear Non-proliferation Treaty) പിന്താങ്ങുന്നത്, ഇന്ത്യക്കെതിരെ ഉന്നം വച്ചുകൊണ്ടാണ്. 

അതെ സമയത്തു, തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുന്ന പാതയിൽ നിലവിലെ ബഹുമുഖ സ്ഥാപനങ്ങൾ തടസ്സങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ, അവയെ അളന്നും തൂക്കിയും ദുര്‍ബ്ബലമാക്കാനുള്ള പ്രവർത്തനങ്ങൾക്കും ചൈന ചുക്കാൻ പിടിക്കാറുണ്ട്. അങ്ങനെ, സ്വന്തം അയല്പക്കത്തു, തങ്ങൾക്കു നിയന്ത്രിക്കാനൊ, അല്ലെങ്കിൽ കാര്യമായ എതിർപ്പുകളെ പരിമിതപ്പെടുത്താനോ ഉതകുന്ന എസ്.സി.ഒ (Shanghai Cooperation Organization) പോലുള്ള സ്ഥാപനങ്ങൾക്ക് രൂപം നൽകാനും ചൈന മുൻകൈയ്യെടുത്തിട്ടുണ്ട്. ഏഷ്യൻ ആന്തരഘടന ധനനിക്ഷേപ ബാങ്ക് (Asian Infrastructure Investment Bank) എന്ന സ്ഥാപനം ഒരു ഉത്തരവാദിത്വമുളള ബഹുമുഖ സ്ഥാപനമെന്ന പ്രതീതി ജനിപ്പിക്കുമെങ്കിലും, വാസ്തവത്തിൽ ‘ബെൽറ്റ് ആൻഡ് റോഡ് സംരംഭത്തെ’ പരിപോഷിപ്പിക്കുന്ന ചൈനയുടെ സ്വന്തം ദേശീയ ബാങ്കുകളെ അപേക്ഷിച്ചു, വളരെ തുച്ഛമായ ബാഹ്യ ആന്തരഘടന വികസന മുതൽമുടക്ക് മാത്രമാണ് ഈ സ്ഥാപനം നടത്തുന്നത്. ‘ആഫ്രിക്കൻ പ്രശ്നങ്ങളെ തനതു രീതിയിൽ അഭിസംബോധനം ചെയ്യണമെന്ന്’ (“addressing African problems in the African way”) പറഞ്ഞു ആഫ്രിക്കൻ യൂണിയന്റെ സമാധാന പാലന പ്രവർത്തനങ്ങളെയും രൂപരേഖ പിന്താങ്ങുന്നുണ്ട്. ‘ആസിയാൻ-അധിഷ്ഠിത പ്രാദേശിക സുരക്ഷയും’ (“ASEAN-centered regional security”) തതൈവ.

ചൈനയുമായി ഉഭയകക്ഷി ബന്ധത്തിലേർപ്പെടുന്ന മിക്ക രാജ്യങ്ങളും വിദേശ കാര്യ നയങ്ങളിൽ, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പുലർത്തുന്ന അനുപേക്ഷ്യമായ പ്രത്യയശാസ്ത്ര-ആഭ്യന്തര സ്വരക്ഷയെ വിസ്മരിക്കാറാണ് പതിവ്. ഈ യാഥാര്‍ത്ഥ്യത്തിന്റെ പശ്ചാത്തലത്തിൽ, ചൈനയുമായി ആഗോള അല്ലെങ്കിൽ പ്രാദേശിക ബഹുമുഖ സ്ഥാപനങ്ങളിൽ സദുദ്ദേശത്തോടു കൂടി നടത്തുന്ന ഇടപാടുകൾ, അവസാനം കൂട്ടായ നന്മയെ ദുര്‍ബ്ബലമാക്കാനെ ഉപകരിക്കു.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രത്യയശാസ്ത്ര താത്‌പര്യങ്ങൾക്കും, തങ്ങളുടെ സങ്കുചിത കാഴ്ചപ്പാടുകൾക്കും, സ്ഥാപിത ലക്ഷ്യങ്ങൾ  നേടിയെടുക്കാനുള്ള വഴികളുടെയും ആകെ തുകയാണ് ജി.എസ്.ഐ പ്രതിനിധാനം ചെയ്യുന്നത്. മറ്റുള്ളവരുടെ മേൽ ചൈന കെട്ടിവെക്കാറുള്ള പതിവ് പല്ലവികളായ ‘ശീത യുദ്ധ മനോഭാവം, ഏകപക്ഷീയത, ബ്ളോക് ഏറ്റുമുട്ടല്‍, ആധിപത്യ സ്വഭാവം’ (“Cold War mentality, unilateralism, bloc confrontation and hegemonism”) എന്നീ ആരോപണങ്ങളെല്ലാം, ചൈനയ്ക്കും ബാധകമാണ്.


Originally published in 24News.com on 16 March 2023