
5 September 2025
ചാരുന്നേയുള്ളു, ഇന്ത്യ ചായുന്നില്ല
ഏഴു വർഷം മുൻപ്, 2018ൽ ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ഉച്ചകോടിയിൽ പങ്കെടുത്തശേഷം ഇതാ ചൈനയിൽ മറ്റൊരു ഉച്ചകോടിയിൽ പങ്കെടുത്തു മടങ്ങിയെത്തിയിരിക്കുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി.. എന്നാൽ, 2018ലെ സ്ഥിതിയല്ല ഇപ്പോൾ. ഇന്ത്യ-ചൈന ബന്ധത്തിലും ലോക രാഷ്ട്രീയ-സാമ്പത്തിക സാഹചര്യത്തിലും വളരെയേറെ മാറ്റങ്ങളുണ്ടായി.
അതിർത്തിയിലെ ഡോക്ലം മേഖലയിൽ 2017ൽ ഇരുസൈന്യങ്ങളും തമ്മിൽ നടന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് മോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും തമ്മിൽ 2018ലും 2019ലും അനൗപചാരിക കൂടിക്കാഴ്ചകൾ നടത്തിയത്. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടു നടന്ന ഈ കൂടിക്കാഴ്ചകൾക്കു ശേഷം പക്ഷേ, സ്ഥിതി വഷളാകുകയാണുണ്ടായത്.
യഥാർഥ നിയന്ത്രണരേഖ 2020ൽ ചൈന മറികടന്നത് ആ വർഷം ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗൽവാൻ മേഖലയിലെ സൈനിക ഏറ്റുമുട്ടലിലാണ് കലാശിച്ചത്. വലിയതോതിൽ സൈന്യത്തെ വിന്യസിച്ചും അതിർത്തിയിൽ ഒട്ടേറെ വികസനപ്രവർത്തനങ്ങൾ നടത്തിയുമാണ് ഇന്ത്യ ഈ നീക്കങ്ങളെ പ്രതിരോധിച്ചത്. ആ സ്ഥിതി ഇപ്പോഴും തുടരുന്നു. എന്നാൽ, ചൈനയുമായുള്ള വ്യാപാരം, ചൈനീസ് നിക്ഷേപങ്ങൾ, ആപ്പുകൾ, ചൈനീസ് പൗരർക്കുള്ള വീസ എന്നിവയ്ക്ക് സംഘർഷത്തെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് താമസിയാതെ ഇന്ത്യ നീക്കിയേക്കും.നേരിട്ടുള്ള വിമാന സർവീസുകൾക്കുള്ള വിലക്കും ഒഴിവാക്കും.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 25% അധികതീരുവ ചുമത്തിയതാണ് ഈ തീരുമാനങ്ങളിലേക്ക് ഇന്ത്യയെ നയിച്ചതെന്നു കരുതാം. അമേരിക്കയുടെ അധികതീരുവയുടെ കൊടിയ ഭാരം പേറുന്ന രാജ്യങ്ങളിൽ, ബ്രസീലിനൊപ്പം ഇന്ത്യയും ചേർന്നു. ഇന്ത്യയെക്കാൾ കൂടുതൽ റഷ്യൻ എണ്ണ ചൈന വാങ്ങുന്നുണ്ടെന്നതു മറ്റൊരുകാര്യം. എന്നിട്ടും സമാനമായ തീരുവകൾ ചൈനയ്ക്കുമേൽ യുഎസ് അടിച്ചേൽപിച്ചിട്ടില്ല.
സാമ്പത്തിക മേഖലയിൽ വെല്ലുവിളികളേറെ
ഈ സ്ഥിതിയിൽ ഇന്ത്യ എങ്ങനെയെത്തിയെന്ന ചോദ്യമാണ് നമ്മുടെ മുൻപിലുള്ളത്. ഇന്ത്യൻ സൈന്യം തങ്ങളെക്കൊണ്ടു പറ്റുന്ന തരത്തിൽ ചൈനീസ് കടന്നുകയറ്റങ്ങൾക്കു മറുപടി നൽകി. എന്നാൽ, ചൈനീസ് കമ്പനികൾ സൃഷ്ടിക്കുന്ന സാമ്പത്തിക-സുരക്ഷാ വെല്ലുവിളികൾ കാര്യമായി മനസ്സിലാക്കാൻ നമ്മുടെ വാണിജ്യ മേഖലക്ക് ഇപ്പോഴും കഴിയുന്നില്ല.
ആഗോള സാമ്പത്തിമേഖലയിലെ ചാഞ്ചാട്ടങ്ങളും പ്രധാന വാണിജ്യപങ്കാളിയായ അമേരിക്കയുമായുള്ള സാമ്പത്തിക ബന്ധത്തിലെ ഉലച്ചിലും നേരിടാൻ തയ്യാറെടുപ്പുകളൊന്നും ഉണ്ടായില്ല. കേന്ദ്ര സർക്കാരിന്റെ സാമ്പത്തികനയങ്ങളും ഈ സ്ഥിതിവിശേഷത്തിനു കാരണമായെന്നാണ് ജിഎസ്ടി ഘടനയെ ലഘൂകരിക്കാൻ ഈയിടെ നടത്തിയ പ്രഖ്യാപനങ്ങൾ സൂചിപ്പിക്കുന്നത്. യുഎസ് തീരുവവർധനയോടു കൂട്ടിയിണക്കാൻ സാധിക്കില്ലെങ്കിലും, ചൈനാ സന്ദർശനത്തിന് ഉഭയകക്ഷി, ബഹുമുഖ തലങ്ങളിൽ പ്രാധാന്യമുണ്ട്. കഴിഞ്ഞവർഷം ഒക്ടോബറിൽ റഷ്യയിലെ കസാനിൽ ഇരുനേതാക്കളും കണ്ടുമുട്ടിയതിനുശേഷമുള്ള ഈ സന്ദർശനം, ‘നില സാധാരണമാക്കുന്ന നടപടിക്രമത്തിന്റെ ഭാഗമാണ്.
പല വിഷയങ്ങളിൽ തീരുമാനമാകാനുള്ള സാഹചര്യത്തിൽ, യഥാർഥ നിയന്ത്രണരേഖയിൽ ഇരുഭാഗത്തുമായുള്ള അൻപതിനായിരത്തോളം സൈനികരെ തിരിച്ചുവിളിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ തൽക്കാലത്തേക്കു മാറ്റിവയ്ക്കാനായിരിക്കും വരും ദിവസങ്ങളിലെ ശ്രമങ്ങൾ. എന്തെന്നാൽ, ഇന്ത്യ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ അത്രയേറെ ഗൗരവമേറിയതാണ്. ചൈനയുമായുള്ള വ്യാപാരക്കമ്മി വളരെ വലുതാണ്. രാസവള നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ, തുരങ്ക നിർമാണത്തിനുള്ള യന്ത്രങ്ങൾ, ഇലക്ട്രിക് വാഹനങ്ങളിലെ കാന്തങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ധാതുക്കൾ തുടങ്ങിയവയുടെ ഇന്ത്യയിലേക്കുള്ള കയറ്റുമതിക്കു ചൈന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുമുണ്ട്. ഈ നിയന്ത്രണങ്ങൾ നീക്കി, ഇന്ത്യൻ വിപണിയിലേക്കു ചൈനീസ് നിക്ഷേപങ്ങളും സാങ്കേതികവിദ്യയും വലിയതോതിൽ എത്തിക്കാൻ കഴിയുമെന്നാകും ഈ സന്ദർശനത്തിലൂടെ കേന്ദ്രം പ്രതീക്ഷിക്കുന്നത്.
അവിശ്വാസത്തിനിടയിലും ഒന്നിച്ചു വേലികെട്ടി
തങ്ങളുടെ ആശയമായ ‘തന്ത്രപ്രധാനമായ സ്വയംഭരണം’ എസ്.സി.ഒ, ബ്രിക്സ് വേദികളിൽ ഉയർത്തിക്കാട്ടാനാകും ഇന്ത്യയുടെ ശ്രമം. തന്റെ ഭരണകാലയളവിൽ അമേരിക്കയുമായി വല്ലാതെ അടുത്ത മോദിക്കു ലോകത്തിന്റെ മറ്റു കോണുകളിലേക്കു ശ്രദ്ധ ചെലുത്താനുള്ള ഒരവസരമായും ഈ സാഹചര്യത്തെ കാണാം. ചൈനയിൽ എത്തുന്നതിനു മുൻപ് ജപ്പാൻ സന്ദർശിച്ച മോദിക്കു അതീവപ്രാധാന്യമേറിയ കച്ചവട ഇടപാടുകൾ നടത്താൻ സാധിച്ചിട്ടുണ്ട്. ചൈനയും ജപ്പാനുമായി കൂടുതൽ അടുക്കുമ്പോൾതന്നെ, വാണിജ്യമേഖല വിപുലീകരിക്കാൻ വികസ്വരരാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ കൂടുതൽ ഊന്നൽ നൽകിയുള്ള നയതന്ത്രനീക്കവും ഇന്ത്യ നടത്തേണ്ടിവരും.
എന്നാൽ, ഷാങ്ഹായ് സഹകരണ കൂട്ടായ്മയിലെ ഇന്ത്യയുടെ സാന്നിധ്യത്തെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെയും ഉൾപ്പെടുത്തി പാശ്‌ചാത്യവിരുദ്ധ, വിശിഷ്യ അമേരിക്ക വിരുദ്ധ മുഖമാക്കി മാറ്റാനാണ് ചൈന ശ്രമിക്കുന്നത്. തങ്ങൾക്കു ബഹുമുഖ വ്യാപാര സംവിധാനങ്ങളിൽ - മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്തം (ആർസിഇപി) - ചേരാൻ, ഇന്ത്യ സന്നദ്ധരാകുമെന്ന വിശ്വാസവും ഇതോടെ ചൈന വച്ചുപുലർത്തും. ചൈനയ്ക്കെതിരായ നെടുങ്കോട്ടയായി അമേരിക്കയുണ്ടാവുമെന്ന പരക്കെയുള്ള കാഴ്ചപ്പാട് നിലനിൽക്കെ, ട്രംപിന്റെ നയങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ചൈനയുടെയും റഷ്യയുടെയും ഭാഗത്തേക്ക് ഇന്ത്യയെ തള്ളിവിടും എന്നു പറയാൻ ഇപ്പോഴാവില്ല. വിട്ടുവീഴ്ചകളും ഇളവുകളും വേണ്ടിവന്നാലും, അമേരിക്കയുമായി മികച്ച ബന്ധം വളർത്താനുള്ള ശ്രമങ്ങൾ ഇന്ത്യയുടെ നയതന്ത്രജ്ഞർ തുടരാനാണ് സാധ്യത.
ഈ സാഹചര്യത്തിൽ, ചൈനയുമായുള്ള ഇപ്പോഴത്തെ ഇടപാടുകളിലൂടെ ഇന്ത്യ പ്രതീക്ഷിക്കുന്നത് തൊട്ടയൽപക്കത്തുനിന്നുള്ള സമ്മർദത്തിൽനിന്ന് തൽക്കാലത്തേക്ക് ഒരാശ്വാസം മാത്രമാണ്. ഓപ്പറേഷൻ സിന്ദൂർ സമയത്ത്, പാക്കിസ്ഥാനു ചൈന നൽകിയ സഹായങ്ങൾ അത്ര പെട്ടെന്ന് മറക്കാവുന്നതല്ലല്ലോ.
വലിയ അളവിലുള്ള അവിശ്വാസം ഇന്ത്യ-ചൈന ബന്ധത്തിൽ നിലനിൽക്കെത്തന്നെ, ഉച്ചകോടിക്കായി മോദി ചൈനയിലെത്തിയതും അദ്ദേഹത്തിന് അവിടെ ലഭിച്ച ഊഷ്മള വരവേൽപും സൂചിപ്പിക്കുന്നത് ട്രംപിന്റെ ആഗോള നയങ്ങൾ സൃഷ്‌ടിച്ച പ്രകമ്പനങ്ങൾ തരണം ചെയ്യാൻ ഇരുരാജ്യങ്ങളും ഒരുമിച്ചു വേലികെട്ടുന്നു എന്നാണ്.
Originally Published as Jabin T. Jacob and Anand P. Krishnan. 2025. ‘ചാരുന്നേയുള്ളൂ ; ഇന്ത്യ ചായുന്നില്ല’ (Only Leaning, India is Not Aligning). Malayala Manorama. 2 September.
Share this on: