...

7 September 2025

അക്കരപ്പച്ചയോ ചൈന



ചൈനയുമായി മുന്നോട്ടുള്ള ചലനത്തിന് സ്വയം നിവേശിപ്പിച്ച പല നിയന്ത്രണങ്ങളെ ഉടച്ചും അവഗണിച്ചുമായിരുന്നു മോദിയുടെ ചൈനീസ് സന്ദർശനം. യഥാർഥ നിയന്ത്രണരേഖയിൽ ഇരുവർക്കുമിടയിൽ അസ്വാസ്ഥ്യം മാറിയിട്ടില്ല. എന്നിരുന്നാലും, ചൈനീസ് വ്യാപാരത്തിലും നിക്ഷേപങ്ങളിലും ചൈനീസ് വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും ഏർപ്പെടുത്തിയ  നിയന്ത്രണങ്ങളിലും ഇന്ത്യ അയഞ്ഞുതുടങ്ങിയിട്ടുണ്ട്. കോവിഡ് കാലത്ത്‌ നിർത്തിവെക്കപ്പെട്ട നേരിട്ടുള്ള വിമാനസേവനങ്ങൾ പുനരാരംഭിക്കുമെന്നും ഡൽഹിയും ബെയ്‌ജിങ്ങും  പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, അതിർത്തിവഴിയുള്ള വ്യാപാരം, പുഴകളെ സംബന്ധിച്ചുള്ള വിവരം, നയതന്ത്ര ബന്ധത്തിന്റെ എഴുപത്തഞ്ചാം വാർഷികം എന്നിവയെക്കുറിച്ചും ഇരുരാജ്യവും ധാരണയായിട്ടുണ്ട്. ഇതിനൊപ്പം, ചില ആലങ്കാരികപ്രയോഗങ്ങളും തിരിച്ചെത്തി: പ്രാചീന സംസ്കാരങ്ങൾ, വികസ്വരലോകത്തിന്റെ നേതാക്കൾ, വ്യാളി-ആന നൃത്തം എന്നിങ്ങനെ.

അടുത്തിടെ ഡൊണാൾഡ് ട്രംപ് ഭരണകൂടം ചുമത്തിയ 50 ശതമാനം തീരുവയാണ് ഇന്ത്യയും ചൈനയുമായി അടുക്കാനുള്ള പ്രേരണാഘടകമെന്ന് കരുതപ്പെടുന്നുണ്ട്. എന്നാൽ, ട്രംപിന്റെ തീരുവകളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനപ്പുറം, മറ്റൊരുതലത്തിൽ ഈ അടുപ്പത്തിന്റെ പൊരുളിനെ അന്വേഷിക്കേണ്ടതുണ്ട്. എന്തെന്നാൽ, രണ്ടുവർഷംമുൻപ്‌ ടെലിവിഷനിൽ ചൈനയുടെ വെല്ലുവിളിയെക്കുറിച്ചുള്ള ചോദ്യങ്ങളിൽ ക്ഷുഭിതനായ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ തുറന്നുസമ്മതിച്ചത്, ‘ഞാൻ എന്താണ് ചെയ്യുക? ചെറിയ സമ്പദ്ഘടന എന്ന നിലയിൽ, ഞാൻ ഒരു വലിയ സമ്പദ്ഘടനയോട് പോരടിക്കാമോ?’ എന്നാണ്‌.

ചൈനീസ് സമ്പദ്ഘടനയുടെ വലുപ്പത്തെക്കുറിച്ചുള്ള  ശ്രദ്ധ, പക്ഷേ, 2020 ഏപ്രിലിൽ ചൈനീസ് വ്യാപാര-നിക്ഷേപങ്ങൾക്കുമേൽ കേന്ദ്രസർക്കാർ ചുമത്തിയ നിയന്ത്രണങ്ങളിൽ പരിഗണനക്കേ വന്നിരുന്നില്ല. പ്രസ് നോട്ട് നമ്പർ 3 എന്നാണ് ഇതിന്റെ ചുരുക്കപ്പേര്. ഈ ദൗർബല്യത്തെക്കുറിച്ചുള്ള ജയശങ്കറിന്റെ ഏറ്റുപറച്ചിൽ, പക്ഷേ, പിന്നീടുള്ള നയതന്ത്ര കൂടിയാലോചനകളിൽ ചൈനയ്ക്ക് മുൻ‌തൂക്കം നൽകി.

മാറേണ്ട ദൗർബല്യങ്ങൾ

എങ്ങനെയായാലും ഇന്ത്യയുടെ  സാമ്പത്തിക ദൗർബല്യങ്ങളും ദീർഘകാലാടിസ്ഥാനത്തിൽ നമ്മുടെ വ്യാപാരികൾക്ക് തന്ത്രപ്രധാന തിരഞ്ഞെടുപ്പുകൾ നടത്തുന്നതിലുള്ള കഴിവില്ലായ്മയും  കാരണം, ശേഷി വർധിപ്പിക്കാനുള്ള അവസരമാണ് നഷ്ടമാകുന്നത്. സ്വാശ്രയം (ആത്മനിർഭർ) എന്ന് പതിവ് ഉരിയാടലുകൾ നിലനിൽക്കെത്തന്നെയാണ് ഈ അവസ്ഥ. ആഗോളചുറ്റുപാടുകൾക്ക് ഇതിലൊരു പങ്കുണ്ടെങ്കിലും ഇന്ത്യൻ സർക്കാരിന്റെ സാമ്പത്തികനയങ്ങളുടെമേലുള്ള പഴിയും ഒട്ടുംകുറവല്ല. ‘സഹരണ ഫെഡറലിസം’ എന്ന ആശയം, പ്രയോഗത്തിൽ ഒട്ടുംതന്നെയില്ല. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്ത് വളർച്ചയുടെ യന്ത്രമായി പ്രവർത്തിക്കേണ്ട സംസ്ഥാനങ്ങൾക്ക്‌ അതിന്‌ സാധിക്കുന്നില്ല. അമിതമായ കേന്ദ്രീകരണം-കേന്ദ്രസർക്കാർ തലത്തിലായാലും  സംസ്ഥാനങ്ങളിൽത്തന്നെയും- ബാങ്ക് വായ്പകളുടെ ദുർബലപ്രവാഹം, വേണ്ടത്ര ശ്രദ്ധ ചെലുത്താതെയുള്ള ഉത്പാദനബന്ധിത പ്രചോദന പദ്ധതികൾ (Production-Linked Incentives) എന്നിവയെല്ലാം സാമ്പത്തിക ഊർജസ്വലതയെ ചുരുക്കിയിട്ടുണ്ട്.

അത്രയേറെ പ്രധാനമാണ്, ഇന്ത്യയെ സാങ്കേതികവിദ്യയുടെ പുതുതലങ്ങളിലേക്ക് നയിക്കാനുതകുന്ന റിസർച്ച് ആൻഡ് ഡിവലപ്മെന്റ് (ആർ ആൻഡ് ഡി) നിക്ഷേപങ്ങളിൽ ഇന്ത്യൻ വ്യവസായമേഖലയിലെ ബലിഷ്ഠരുടെ പിശുക്കുക്കാട്ടൽ. മൊത്തം ചെലവുതലത്തിൽ (Gross Expenditure) ആർ ആൻഡ് ഡിയിൽ ചൈനയിലെ സ്വകാര്യ മേഖലയുടെ നിക്ഷേപം 77 ശതമാനമാണെങ്കിൽ ഇന്ത്യയിലത് 36.4 ശതമാനമാണ്. കൂടാതെ ഇന്ത്യയിൽ വ്യാവസായിക ആർ ആൻഡ് ഡി വളരെ ചുരുങ്ങിയ മേഖലകളിൽ മാത്രമേയുള്ളൂ -  വിവരസാങ്കേതികവിദ്യ, ബയോ ടെക്നോളജി തുടങ്ങിയവ.

ചൈനയിൽ ഭരണത്തിന്റെ അളവ് കേന്ദ്രീകൃതമായാലും അഥവാ സ്വേച്ഛാധിപത്യ മാതൃകയിലാണെങ്കിലും, പുതിയ ആശയങ്ങൾക്കും സാങ്കേതികവിദ്യകൾക്കും പണവും ഇടവും നൽകി പരിപോഷിപ്പിക്കുന്നതിൽ ഒരു സൗമനസ്യക്കുറവുമുണ്ടായിട്ടില്ല. സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിലൂടെ അസമമായ പ്രയോജനങ്ങൾ (assymetric advantages) കരസ്ഥമാക്കുന്നതിന്റെ മൂല്യം ചൈനയ്ക്ക് നന്നേ വശമുണ്ട്. ഡീപ് സീക് പോലുള്ള നിർമിതബുദ്ധി ഉപകരണം അത് ബോധ്യപ്പെടുത്തുന്നു.

മാടിവിളിക്കുമോ അവസരങ്ങൾ

 ഇന്ത്യയും ചൈനയും കൈകോർക്കാൻ സമ്മതിച്ചാൽ സാമ്പത്തികാവസരങ്ങൾ മാടിവിളിക്കുമെന്ന നിതി ആയോഗിന്റെയും ഇന്ത്യൻ വ്യവസായങ്ങളുടെയും ധാരണ മനസ്സിൽത്തട്ടുമെങ്കിലും അത് അസ്ഥാനത്താണ്. ചൈനീസ് രാഷ്ട്രീയസമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ടാണ്‌ ആ ധാരണ. ചൈനയിൽ എന്താണ് ഒരു ‘സ്വകാര്യസ്ഥാപനം’ അല്ലെങ്കിൽ ഏതെങ്കിലും ചൈനീസ് വ്യവസായസ്ഥാപനത്തിന്‌ എങ്ങനെയാണ്‌ ‘ലാഭം’ നിർവചിക്കാൻ സാധിക്കുക എന്ന ചോദ്യങ്ങൾ ഇന്ത്യൻ വ്യവസായമേഖലയോട് ചോദിച്ചാൽ, ഉറപ്പായിട്ടും അവർക്ക് ഉത്തരംമുട്ടും. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തിയിൽ അയവും (flexibility), ചുറുചുറുക്കുമനുവദിച്ചാലും (nimbleness) ‘സ്വകാര്യമേഖല’ തങ്ങളുടെ കാര്യസാധ്യത്തിനായാണ് നിലകൊള്ളുന്നതെന്ന് ചൈനീസ് പാർട്ടി-സ്റ്റേറ്റ് ഉറപ്പുവരുത്തും.

പ്രസ് നോട്ട് നമ്പർ 3-യിലേക്ക് നയിച്ച അവസ്ഥകളിലൊന്നിനും മാറ്റമുണ്ടായിട്ടില്ല. എന്നാൽ, ചൈന നയത്തിലെ എല്ലാ വ്യാധികൾക്കും ഇന്ത്യൻ സർക്കാരിനെ പഴിചാരുന്നത് നിർത്തേണ്ട സമയമായിട്ടുണ്ട്. ഇന്ത്യൻ വ്യവസായങ്ങൾ തങ്ങളുടെ ചുമതല നിർവഹിച്ചിട്ടില്ലെന്നുമാത്രമല്ല, ശരിയായ നിക്ഷേപങ്ങളും തിരഞ്ഞെടുപ്പുകളും നടത്തിയിട്ടുമില്ല. 2024-ലെ ജൂലായിലെ കേന്ദ്രബജറ്റിന് മുന്നോടിയായുള്ള സാമ്പത്തികസർവേ, ഇന്ത്യൻ ഉത്‌പാദനം വർധിപ്പിക്കാൻ ‘ചൈനയുടെ വിതരണ ശൃംഖലയിൽ ഇഴുകിച്ചേരാനാണ്  വാദിച്ചത്. ഇന്ത്യൻ കമ്പനികളിൽ സുരക്ഷാകടമ്പകളില്ലാതെ ചൈനീസ് കമ്പനികൾക്ക് 24 ശതമാനം പങ്കാളിത്തമാവാമെന്ന്, ഈയടുത്ത് നിതി ആയോഗ് അഭിപ്രായപ്പെടുകയുണ്ടായി. എന്നാൽ, എന്താണീ 24 ശതമാനത്തിന്റെ  വിശദീകരണവും യുക്തിയും? ഇന്ത്യയെപ്പോലെ സംരംഭങ്ങൾക്ക് അനുകൂലസാഹചര്യം ദുർബലമായ ഒരു വിപണിയിൽ, നിയന്ത്രണാധികാരമില്ലാതെ വിദേശകമ്പനികൾ എന്തിന്‌ നിക്ഷേപങ്ങൾ നടത്തുമെന്ന ചോദ്യം ബാക്കിയാവുന്നു.

ഇന്ത്യൻ വിപണി എന്ന പ്രതീക്ഷ

ഈ സാഹചര്യത്തിൽ, ഇന്ത്യക്ക് ചൈനീസ് നിക്ഷേപങ്ങൾ വേണ്ടതാണെന്നുമാത്രമല്ല, മറിച്ച്‌ ചൈനയ്ക്കും ഇന്ത്യൻ വിപണി ആവശ്യമാണെന്ന വസ്തുതയാണ് ആശ്വാസംപകരുന്ന കാര്യം. ചൈനയുടെ ഉത്പാദനത്തിലെ അമിതശേഷി ഒരു ഗൗരവമേറിയ സാമ്പത്തികദൗർബല്യമാണ്. തങ്ങളുടെ വ്യവസായങ്ങൾക്ക് ഇന്ത്യയെപ്പോലുള്ള വമ്പിച്ച, വളരുന്ന വിപണികൾ ലഭ്യമായില്ലെങ്കിൽ, ചൈനയ്ക്ക് വലിയ തോതിൽ നാണ്യച്ചുരുക്കത്തെ അഭിമുഖീകരിക്കേണ്ടിവരും. വിദേശ-സാമ്പത്തിക നയ നടപടികളിൽ തെറ്റായ കാൽവെപ്പുണ്ടായിട്ടുണ്ടെങ്കിലും സഹകരണഫെഡറലിസം, ഇന്ത്യൻ കമ്പനികളെ ആർ ആൻഡ് ഡിയിൽ നിക്ഷേപങ്ങൾ നടത്താൻ പ്രോത്സാഹിപ്പിച്ചും, ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് കൂടുതൽ വായ്പകൾ നൽകാൻ ബാങ്കുകളെ പ്രേരിപ്പിച്ചും തത്‌സ്ഥിതിയെ മാറ്റാനുള്ള അവസരം ഇന്ത്യക്കുണ്ട്. സജീവമായ സാമ്പത്തിക-ഭരണ വ്യവസ്ഥാപരമായ പരിഷ്കാരങ്ങളില്ലാതെ ഇന്ത്യയുടെ ചൈനാനയം പരിമിതപ്പെടുകയും സൈനിക-സാമ്പത്തിക ശക്തിസന്തുലനം ചൈനയ്ക്ക് അനുകൂലമായി നിൽക്കുകയും ചെയ്യും.


Originally published as Anand P. Krishnan and Jabin T. Jacob. 2025. ‘അക്കരപ്പച്ചയോ ചൈന’ (Is the Grass Greener in China?). Mathrubhumi. 4 September.